Society Today
Breaking News

കൊച്ചി: സീറോമലബാര്‍സഭയുടെ നാലാമത്തെ മേജര്‍ ആര്‍ച്ചുബിഷപ്പായി ഷംഷാബാദ് രൂപതയുടെ മെത്രാന്‍  മാര്‍ റാഫേല്‍ തട്ടില്‍ തിരഞ്ഞെടുക്കപ്പെട്ടു. സെന്റ് തോമസ് മൗണ്ടില്‍ നടന്ന സീറോമലബാര്‍സഭയുടെ മെത്രാന്‍സിനഡാണ് മാര്‍ റാഫേല്‍ തട്ടിലിനെ തിരഞ്ഞെടുത്തത്. 2023 ഡിസംബര്‍ ഏഴിന് ഫാന്‍സിസ് മാര്‍പാപ്പ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ രാജി സ്വീകരിച്ചതോടെയാണു പുതിയ മേജര്‍ ആര്‍ച്ചുബിഷപ്പിനെ തെരഞ്ഞെടുക്കേണ്ട സാഹചര്യം രൂപപ്പെട്ടത്. സഭയുടെ അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍  മേജര്‍ ആര്‍ച്ചുബിഷപ്പിനെ തെരഞ്ഞെടുക്കുന്നതിനുള്ള കാനോനിക ക്രമീകരണങ്ങള്‍ ചെയ്തു. പുതിയ മേജര്‍ആര്‍ച്ചുബിഷപ്പിന്റെ തെരഞ്ഞെടുപ്പു വാര്‍ത്ത വത്തിക്കാനിലും സീറോമലബാര്‍സഭയുടെ കേന്ദ്രകാര്യാലയത്തിലും ഒരേ സമയം അറിയിക്കുകയുണ്ടായി. മെത്രാന്‍സിനഡിന്റെ രണ്ടാമത്തെ ദിവസം നടത്തിയ വോട്ടെടുപ്പിലൂടെ പുതിയ മേജര്‍ ആര്‍ച്ചുബിഷപ്പിനെ തെരഞ്ഞെടുത്തത്. കാനോനിക നടപടികള്‍ പൂര്‍ത്തിയാക്കി മേജര്‍ ആര്‍ച്ചുബിഷപ്പിനെ തെരഞ്ഞെടുത്ത വിവരം മാര്‍പാപ്പയെ അറിയിച്ചുകൊണ്ടു സിനഡില്‍ പങ്കെടുത്ത മെത്രാന്മാര്‍ ഒപ്പുവെച്ച കത്തും തന്റെ തെരഞ്ഞെടുപ്പിന് അംഗീകാരം നല്‍കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് സ്വന്തം കൈപ്പടയില്‍ നിയുക്ത മേജര്‍ ആര്‍ച്ചുബിഷപ് എഴുതിയ കത്തും അപ്പസ്‌തോലിക് നുന്‍ഷ്യേച്ചര്‍വഴി മാര്‍പാപ്പയ്ക്കു സമര്‍പ്പിച്ചു.

മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ തെരഞ്ഞെടുപ്പിന് അംഗീകാരം നല്‍്കികൊണ്ടുള്ള കത്ത് ഇന്നലെ ലഭിച്ചതിനെത്തുടര്‍ന്നു നിയുക്ത മേജര്‍ ആര്‍ച്ചുബിഷപ് സിനഡിനുമുന്‍പില്‍ വിശ്വാസപ്രഖ്യാപനവും  പ്രതിജ്ഞയും നടത്തി. ഇന്നലെ വൈകുന്നേരം 4.30നു സഭയുടെ കേന്ദ്ര കാര്യാലയത്തിലെ സെന്റ് തോമസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ തെരഞ്ഞെടുപ്പു സിനഡു സമ്മേളനത്തില്‍ അധ്യക്ഷനായിരുന്ന ആര്‍ച്ചുബിഷപ് മാര്‍ മാത്യു മൂലക്കാട്ട് പുതിയ മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ തെരഞ്ഞെടുപ്പു വിവരം പ്രഖ്യാപിച്ചു. തുടര്‍ന്ന് പുതിയ മേജര്‍ ആര്‍ച്ചുബിഷപ്പിനെ സഭയുടെ അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലും സിനഡു സെക്രട്ടറി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയുംചേര്‍ന്ന് ഓഡിറ്റോറിയത്തിലേക്കു ആനയിച്ചു. പുതിയ മേജര്‍ ആര്‍ച്ചുബിഷപ്പിന് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍  ബൊക്കെ നല്‍കി സ്വീകരിച്ചു.  മേജര്‍ ആര്‍ച്ചുബിഷപ് എമിരറ്റസ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സംസാരിച്ചു. മാര്‍ റാഫേല്‍ തട്ടില്‍ നന്ദി പറഞ്ഞു.പുതിയ മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ സ്ഥാനാരോഹണം ഇന്ന് ഉച്ചകഴിഞ്ഞ് 2.30നു സഭയുടെ കേന്ദ്രകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടക്കും. സിനഡിലെ മെത്രാന്മാര്‍ക്കൊപ്പം രൂപതകളില്‍ നിന്നുള്ള അല്‍്മായ സമര്‍പ്പിത വൈദിക പ്രതിനിധികളും സുപ്പീരിയര്‍ ജനറല്‍മാരും പ്രത്യേകം ക്ഷണിക്കപ്പെട്ടവരും മാത്രമായിരിക്കും  ചടങ്ങില്‍ പങ്കെടുക്കുന്നത്.
 

Top